Sunday 19 October 2008

ശ്രീ ഗുരുഗുഹ

അങ്ങനെയിരിയ്ക്കേയൊരുദിവസം വൈകുന്നേരം മനുവേട്ടന്‍ വിളിച്ചു
“വീട്ടിലേയ്ക്ക് വരുന്നോ. അത്താഴം ഇവിടെയാക്കാം.അമ്മയുടെ പിറന്നാളാണ് ...”

ശരി ആയിക്കോട്ടേ..അമൃതയിലെ കാന്റീന്‍ ഭക്ഷണത്തിനൊരറുതിയെന്ന് മനസ്സില്‍ വിചാരിച്ചു.

മനുവേട്ടനെന്നാല്‍ ആനന്ദ ..വയലിന്‍ വാദകന്‍ . ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യന്‍..... വയലിനില്‍ ലാല്‍ഗുഡി ജയരാമന്‍ സാറിന്റെ ശിഷ്യന്‍...

വിപാസന എന്ന ഒരു ബുദ്ധരീതിയിലെ ധ്യാനമാര്‍ഗ്ഗം അഭ്യസിയ്ക്കാന്‍ പത്തുദിവസത്തെ ക്യാമ്പിന് പോയപ്പോഴാണ് അശോകന്‍ മനുവേട്ടനെ പരിചയപ്പെടുന്നത്. പരിചയം എന്നാല്‍ ആദ്യ ഒന്‍പതുദിവസവും മൌനമാണ്. പത്താം നാളില്‍ വൈകുന്നേരം കഴിഞ്ഞുമാത്രം സംസാരം.

നല്ല സൌഹൃദത്തിന് ഒരു പ്രത്യേകതയുണ്ട്..അധികം സംസാരിയ്ക്കണ്ട....

പിന്നീട് ആനന്ദ ചില മെയിലുകള്‍ അയച്ചത് അശോകന്‍ എന്നെ കാണിച്ചു. അങ്ങെനെ എനിയ്ക്കും പരിചയമായി.

വര്‍ഷം രണ്ട് കഴിഞ്ഞ് ഒരു ദിവസം അമൃത കാന്റീനില്‍ കഴിയ്ക്കാന്‍ ചെന്നപ്പോഴാണ് മനുവേട്ടനെ അശോക് വീണ്ടും കാണുന്നത്. (ഞാന്‍ ആദ്യം കാണുന്നതും).

അവിടെയെന്തിനോ വന്നതാണ്. അപ്പോഴാണ് വീട് ഇടപ്പള്ളിയില്‍ തന്നെയാണെന്ന് അറിഞ്ഞത്.

മനുവേട്ടന്റെ വീട്ടില്‍ ചെന്നു. വയലിന്‍ കച്ചേരി ഉണ്ടാ‍കുമെന്ന് മുന്‍ണറിയിപ്പുണ്ടായിരുന്നു.:) ചില സുഹൃത്തുക്കളും എത്തി. ഒരുചെറിയ കൂട്ടം... വീട്ടുകാര്‍, പിന്നെ ഒരു മൂന്നു നാലുപേര്‍...

“ഇത് രാജേഷും ഉമേഷും“..മനുവേട്ടന്‍ രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടുത്തി..
“ചേട്ടനും അനിയനുമാണ് ..പാട്ടുകാരാണ്..“

“ഇത് സുനില്‍ “ മൃദംഗം
(അത് പ്രത്യേകം പറയേണ്ട കാര്യമില്ല. മൃദംഗവും തൂക്കിയാണ് നില്‍പ്പ്)

ആദ്യം വായ്പ്പാട്ടായിരുന്നു. രാജേഷും ഉമേഷും (അന്ന് അങ്ങനെയാണ് വിളിച്ചത്. രണ്ടുപേരും എന്നേക്കാള്‍ പ്രായം കുറഞ്ഞവരെന്നാണ് ഞാന്‍ വിചാരിച്ചത്. ഏത് കോളേജിലാ പഠിയ്ക്കുന്നതെന്ന് ചോദിയ്ക്കാഞ്ഞത് ഭാഗ്യം.:) പിന്നെ പതുക്കെ രജേഷേട്ടനുമേഷേട്ടന്മാരായി) , വയലിന്‍ മനുവേട്ടന്‍, മൃദംഗം സുനിലേട്ടന്‍....

...രാത്രി വൈകുവോളം പാട്ടും വയലിനും താളവും തീര്‍ത്ത മാസ്മരികതയിലായിരുന്നു. മനുവേട്ടന്റെ വയലിന്‍ സോളോ കൂടിയായപ്പോ പൂര്‍ത്തിയായി.

പിറന്നാള്‍ ഭക്ഷണമൊക്കെ വെടുപ്പായി തീര്‍ത്ത് അമ്മയ്ക്ക് ആശംസകളുമൊക്കെയറിയിച്ച് അവിടുന്നിറങ്ങിയപ്പോ ചോദിച്ചു.

“ഇനിയെന്നാ നിങ്ങള്‍ കച്ചേരി നടത്തുന്നത്?’
“ഞങ്ങളിടയ്ക്ക് പ്രാക്ടീസ് ചെയ്യാറുണ്ട്.. സമയം കിട്ടുമ്പോ ഇറങ്ങിക്കോളൂ..“

പെരുമനത്താഴം റോഡിലുള്ള രാജേഷേട്ടന്റേയും ഉമേഷേട്ടന്റേയും വീട്ടില്‍ വച്ചാണ് സാധാരണ പ്രാക്ടീസ് എന്ന പേരിലുള്ള കൂടല്‍. അവിടെ രാജേഷേട്ടനും ഉമേഷേട്ടനും അമ്മയും മാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് കാപ്പിയും ചായയും ഒക്കെ ഇട്ടുതന്ന് പാതിരായാകുവോളം അമ്മയും പ്രാക്ടീസിനൊപ്പമുണ്ടാകും.

അങ്ങനെയാണ് രാജേഷേട്ടനുമേഷേട്ടന്മാര്‍ക്ക് സംഗീതമല്ലാതെ മറ്റൊരു ഭ്രാന്ത് കൂടിയുള്ളതറിഞ്ഞത്.. മാത്തമാറ്റിക്സ്..രണ്ട് പേരും കണക്കന്മാര്‍. രണ്ട് പേരും മൃദംഗവും ശീലിയ്ക്കുന്നുണ്ട്... പാലക്കാട് മണി അയ്യരുടെ മകന്‍ പാലക്കാട് രാജാമണി സാറിന്റെ ശിഷ്യന്മാരാണ്.

രാജേഷേട്ടന് മാത്തമാറ്റിക്സെന്നതിലുപരി ക്വാണ്ടം ഫിസിക്സിലാണ് താല്‍പ്പര്യം.. ബാംഗ്ലൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണം നടത്തുകയാണ് പുള്ളിയുടെ ജോലി. വിഷയം ക്വാണ്ടം കമ്പ്യൂട്ടിങ്ങ്....

പിന്നെയൊരു രണ്ട് വര്‍ഷം പോയതറിഞ്ഞില്ല. വൈകുന്നേരമൊരു എട്ടുമുതല്‍ പാതിരാത്രിവരെയുള്ള സമയം സംഗീതവും താളവും ഫിസിക്സും ന്യൂറോസയന്‍സും വയലിനും തത്വതര്‍ക്കവും ഇടയ്ക്ക് അമ്മ സ്നേഹം ചേര്‍ത്തിട്ടുതരുന്ന കാപ്പിയും കൂടി ആകെ സന്തോഷമായി...ചിലപ്പോ കൂട്ടുകാരും കലാകാരന്മാരുമൊക്കെയായി പത്ത് പതിനഞ്ച് പേര്‍ കാണും.

അന്ന് തോന്നിയിരുന്നു. ഈ കൂട്ടം ഈ ഹാള്‍മുറിയിലൊതുങ്ങിപ്പോകുന്നല്ലോ എന്ന്..

അല്ല അവരു പ്രാക്ടീസ് ചെയ്യുന്നു..അവിടെ നീയും അശോകനും കൂടെയെന്ത് ചെയ്യുന്നു..?
ഞങ്ങള്‍ ഒഫീഷ്യല്‍ കേള്‍വിക്കാരാണ് ചങ്ങാതിമാരേ...

എന്തായാലും ഈ വരുന്ന ദീപാവലിനാളില്‍ അവരെല്ലാരും കൂടെ ആ “ഹാള്‍മുറിയില്‍ നിന്ന് അരങ്ങത്തേയ്ക്കിറങ്ങുകയാണ്”....മുത്തുസ്വാമി ദീക്ഷിതരുടെ സമാധിദിനവുമാണന്ന്..

ഔദ്യോഗിക കേള്‍വിക്കാരായി ഞാനും അശോകനും കൂടെയുണ്ട്.ശരീരമിങ്ങിവിടെ വോള്‍വര്‍ഹാമ്പ്ടണിലാണെന്ന് മാത്രം.

2008 ഒക്ടോബര്‍ 27, തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് ശ്രീഗുരുഗുഹ കലാകേന്ദ്രം തുടങ്ങുന്നു.സംഗീതത്തിനും കലകള്‍ക്കുമായുള്ള ഒരു പഠനകേന്ദ്രമാണ് പ്രധാന ഉദ്ദേശം.
പൊതുധാരയിലെപ്പോലെ യുവജനോത്സവങ്ങള്‍ക്ക് കുട്ടികളെ പരിശീലിപ്പിയ്ക്കുകയല്ല . സംഗീതം മുതല്‍ ധ്യാനവും ഗണിതവും ക്വാണ്ടം ഭൌതികവും വരെയുള്ള കലകളുടെ ഒരു വിവര കേന്ദ്രമാക്കി ഇതിനെ ഉയര്‍ത്തണമെന്നാണ് ആഗ്രഹം.

ഉത്ഘാടനത്തോടൊപ്പം രാജേഷേട്ടനുമേഷേട്ടന്മാരുടെ സംഗീതക്കച്ചേരിയും ഉണ്ടായിരിയ്ക്കും.അവരുടെ കര്‍ണാടകസംഗീതക്കച്ചേരിയുടെ സീ ഡീ യും അന്ന് പുറാത്തിറക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഇതോടൊപ്പമുള്ള പത്രികയിലുണ്ട്.

ഇത് വായിയ്ക്കുന്ന എല്ലാവരേയും ആ സദസ്സിലേയ്ക്ക് ക്ഷണിയ്ക്കുകയാണ്. ജീവിതം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ഒരു പഠനപ്രക്രിയയ്ക്ക് ഒരു സംഘടിത രൂപം എന്നോര്‍ത്താല്‍ മതി. യാതൊരു വിധ മതിലുകളുമില്ലാത്ത ഒരു മൂവ്മെന്റ്.

എല്ലാവിധ അനുഗ്രഹങ്ങളും ആഗ്രഹിയ്ക്കുന്നു.

12 comments:

കണ്ണൂരാന്‍ - KANNURAN said...

എല്ലാം ഭംഗിയായി നടക്കട്ടെ, മംഗളാശംസകള്‍...

മുസാഫിര്‍ said...
This comment has been removed by the author.
ശിശു said...

അംബിഗുരൊ..നാട്ടിലുണ്ടായിരുന്നെങ്കില്‍ വിട്ടേനെ വണ്ടി.. ഇത് ഇങ്ങ് ഇവിടെ.. വയലിന്‍ എനിക്കൊരു ഭ്രാന്താണ്..പഠിക്കാന്‍ കഴിഞ്ഞില്ല. ഒരുമാസം ശ്രമിച്ചിരുന്നു. ജീവിതത്തിലെന്നെങ്കിലും അത് പഠിച്ചെടുക്കണമെന്ന ഒരു ആഗ്രഹം ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്നു..
പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും അര്‍പ്പിക്കുന്നു.

കുറുമാന്‍ said...

ഈ പരിചയപെടുത്തലുകള്‍ക്ക് നന്ദി അംബിഭായ്. അവിടുത്തെ പോലെ ഇവിടേയും. നാട്ടിലുണ്ടെങ്കില്‍ പങ്കെടുക്കാമായിരുന്നു.

സി ഡി ലഭിക്കുമോ എന്ന് പരിപാടിക്ക് ശേഷം ശ്രമിക്കാം.

എല്ലാവിധ ആശംസകളും ഊ സംഗമത്തിനു നേരുന്നു.

myexperimentsandme said...

എല്ലാവിധ ആശംസകളും. ഉദ്‌ഘാടനം മാത്രമല്ല, തുടര്‍ന്നുള്ള പ്രയാണവും ഏറ്റവും മനോഹരമാവട്ടെ.

മുസാഫിര്‍ said...

പ്രഗത്ഭരായ സംഗീതവിദ്വാന്മാരുടെ സാന്നിദ്ധ്യത്താല്‍ ധന്യമാവും എന്ന് പ്രതീക്ഷീക്കുന്ന ഈ സംഗമത്തിന് എല്ലാ ആശംസകളും നേരുന്നു.

കാളിയമ്പി said...

കണ്ണൂരാന്‍. ശിശു അണ്ണന്‍, കുറുമാന്‍, വക്കാരിമാഷ്ടാഷ്, മുസാഫിരേട്ടന്‍, ഭീകര നന്ദി.
ശിശു അണ്ണാ..വയലിന്‍ പഠിയ്ക്കൂ..കുറുമയണ്ണാ, സീ ഡീ ഒരു പൂര്‍ണ്ണ സംഗീതക്കച്ചേരിയാണ്. സാമ്പിള്‍ ഞാന്‍ എനിയ്ക്ക് കിട്ടിയിട്ട് അപ്ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് വഴി എവിടേയെങ്കിലും എത്തിയ്ക്കാന്‍ കഴിയുമോ എന്നും നോക്കാം.പോസ്റ്റല്‍ ആയി അയച്ചു കൊടുക്കുന്ന സംവിധാനത്തെപ്പറ്റിയും ആലോചിയ്ക്കുന്നുണ്ട്.

Jayasree Lakshmy Kumar said...

ആശംസകൾ

Suraj said...

“സംഗീതം മുതല്‍ ധ്യാനവും ഗണിതവും ക്വാണ്ടം ഭൌതികവും വരെയുള്ള കലകളുടെ ഒരു വിവര കേന്ദ്രമാക്കി ഇതിനെ ഉയര്‍ത്തണമെന്നാണ് ആഗ്രഹം.”

നല്ല കാര്യം. എല്ലാം കൂടെ എടുത്തിട്ട് ഇങ്ങനെ കുഴച്ചു വയ്ക്കാതിരിക്കാനുള്ള വിവേകം അധ്യാപകര്‍ക്കുണ്ടായാല്‍ നന്നായിരുന്നു.

Best Wishes.

കാളിയമ്പി said...

ലക്ഷ്മീ, നന്ദി
സൂരജ് നന്ദി..
അധ്യാപകരില്ല. വിദ്യാര്‍ത്ഥികളുമില്ല. ഒരു പഠനകേന്ദ്രത്തില്‍ ഇതുകളുണ്ടാവണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ:)
ചങ്ങാതിമാര്‍ മാത്രം.
വിവേകവും അവിവേകവുമെല്ലാം പൂര്‍ണ്ണമായും റിലേറ്റീവ് അല്ലേ സൂരജേ:)

Suraj said...

വിവേകവും അവിവേകവും റിലേറ്റിവ് തന്നെ. പക്ഷേ സഹിക്കേണ്ടത് നാട്ടാരാണല്ലോ :)

കാളിയമ്പി said...

അതിനെവിടെ നാട്ടുകാര്‍?